Google+ Followers

Thursday, July 4, 2013

.


മുളമുനമ്പുകളില്‍
നേര്‍ത്തൊരു കാറ്റാവണം

ഞാന്‍ ഉണ്ട് എന്ന്
നിനക്കുമാത്രം
തോന്നത്തക്ക വിധത്തില്‍
ഉണ്ടാവണം

ഇല്ലാതായെന്ന്
നിനക്കുമാത്രം മനസ്സിലാവുംവിധം
ഇല്ലാതാവണം

.

കാട് കണ്ടോ ?
നീ ഇവിടെ എവിടെയെങ്കിലുമുണ്ടോ ?

മണ്ണ് മരത്തലപ്പുകളോട്
ആയിരത്തൊന്നു രാവുകളുടെ
കഥകള്‍ പറയുന്നതിനിടെ
അപശകുനം പോലെ
ഈപുല്‍നാമ്പുകള്‍
തലപൊക്കുന്നത് എന്തിനാണ് ?
സൂര്യകാന്തത്തിന്‍റെ പൂക്കള്‍
അപ്പൂപ്പന്‍താടികള്‍പോലെ
പറന്നു നടക്കാതിങ്ങനെ
താഴേയ്ക്ക് വീഴുന്നതെന്തിനാണ് ?

മരങ്ങള്‍ കണ്ടോ ?
മരപ്പൊത്തുകള്‍ കണ്ടോ ?
നീ ഇവിടെവിടെയെങ്കിലുമുണ്ടോ?

ഉള്‍പ്പൊത്തുകളില്‍ പഴക്കം ചെന്ന
ഒരു നുണയെങ്കിലും കണ്ടാല്‍
മടങ്ങാതിരിക്കാമായിരുന്നു

.


നീ പനന്തോട്ടങ്ങളുടെ
കാവല്‍ക്കാരനായതില്‍പ്പിന്നെയാണ്
എന്‍റെ ചിത്രക്കൂട്ടിലെ നിറങ്ങളെല്ലാം
വെയില്‍മഞ്ഞകള്‍ക്കും
ഉന്മാദച്ചുവപ്പുകള്‍ക്കും മാത്രം
ഒഴുകിപ്പടരാനുള്ള കാന്‍വാസുകള്‍
തിരഞ്ഞുനടക്കാന്‍ തുടങ്ങിയത്

.

ഇരവാണ്,
ഇരുട്ടാണ്‌,

നിലവെന്നും
കാറ്റെന്നും
നിറതിങ്കളെന്നും വരുന്നത്രേ
കൂര്‍മ്പന്‍ കല്‍മുനകള്‍

.

നിറപച്ചയില്‍ നിന്ന്
ചുവപ്പിന്‍റെ ഭൂപടങ്ങളിലേയ്ക്ക്
ഋതുവോരോ കുറി മാറുമ്പോഴും
എത്രായിരമിരട്ടി നീറ്റലുകളിലേയ്ക്കാണ്
നീയെന്നെ മാറ്റിമാറ്റിവരയ്ക്കുന്നത്. 

.

എത്രയോ മഴകള്‍
ഒരുമിച്ചു നനഞ്ഞതാണ്..

എന്നിട്ടും
ഓര്‍മ്മപ്പച്ചകളില്‍പ്പോലും
ഒരു മഷിത്തണ്ട്
കാണാറേയില്ലിപ്പോള്‍ .

Wednesday, July 3, 2013

.മഴ ,വേനല്‍ എന്നിങ്ങനെ
വരയന്‍ പമ്പരങ്ങള്‍ക്കിടയില്‍ -
ത്തിരിഞ്ഞ് കെട്ടിപ്പിണഞ്ഞ്
വീണ്ടുംപരസ്പരമണയാന്‍ വെമ്പുന്നു ;
നമ്മള്‍ നമ്മിലേയ്ക്കെന്ന പോലെ 
 

.
                                                         മൗനം വെയില്‍തൊട്ടു
                                                         ചാലിക്കയാണു നിന്‍
                                                            നെറ്റിത്തടത്തിലെ-
                                                          ന്നോര്‍മ്മപ്പടങ്ങളാല്‍.

.


മഴപ്പെണ്ണേ,
നിന്നെയൊരു
മിന്നല്‍പ്പിണരില്‍
പൊതിഞ്ഞ്
നാടു കടത്തുന്നു

.


വിട്ടുപോയ പൂമരക്കൊമ്പുകളെല്ലാം
പൂരിപ്പിച്ചു വരുമ്പോഴേയ്ക്കും
സമയമെപ്പോഴും
തീര്‍ന്നുതീര്‍ന്നുപോകുന്ന
വസന്തപ്പരീക്ഷകള്‍.

.ഒരുപാടിടങ്ങള്‍ക്കിടയില്‍
ചെന്നൊളിക്കാനിടമില്ലാതെ
പെട്ടുപോവുന്നെന്നും ;
സ്വന്തമിടങ്ങള്‍

.


നിന്നിലേയ്ക്കുള്ള ദൂരം,
കൃത്യമായി
കൂട്ടിക്കിഴിച്ച്
ഗുണിച്ചുഹരിച്ച്
അളന്നുകുറിച്ച്
വന്നു നോക്കുമ്പോള്‍
നീയില്ല..

ദൂരം മാത്രം ,
പിന്നെയുമെന്നോളം ദൂരത്തില്‍..

.വെളിച്ചമിറ്റിവരും വഴികളെല്ലാം
എന്നും തുറന്നുതന്നെ
കിടക്കപ്പെടാനുള്ളവഎന്ന സാധ്യതയ്ക്ക്
ഒരു കാറ്റുവീശുംവരെയുള്ള
വിശ്വാസ്യത മാത്രമാകുമ്പോഴത്രേ
ജനാലകളുടെ അസ്തിത്വം
പരക്കെ ചോദ്യംചെയ്യപ്പെടുന്നത് .

.

മഞ്ഞില്‍
മരങ്ങളില്‍ നിന്നും
ഇലകള്‍ ഓരോന്നായി
പിണങ്ങിയിറങ്ങി-പ്പോവുംപോലെ,
നമുക്കിടയില്‍ നിന്നും
ഊര്‍ന്നുപോവുകയാണ്;
വിരല്‍ത്തുമ്പുകളിലെന്നോ
പരസ്പരമെഴുതിയ
അടയാളവാക്യങ്ങള്‍..

.

പൊളിഞ്ഞ അടിഭാഗത്തൂടിറ്റുന്നുണ്ട്
അവശേഷിപ്പുകളുടെ സന്ദിഗ്ധത
വക്കില്‍ ചോര ചുവപ്പിക്കുന്നുണ്ട്
വെന്തുകറുത്ത മണ്‍തുണ്ടിന്‍റെ മൂര്‍ച്ച

എങ്കിലും കാണാമല്ലോ
ഇതിലൂടെ നോക്കിയാലാകാശം
നിന്‍റെയുമെന്‍റെയുമൊരുമിച്ചൊന്നായി...!!!

.

നേരെനേരെ
നേര്‍രേഖകള്‍ കൊണ്ട് മാത്രം
നെയ്തിട്ടും
അറ്റമില്ലാതെ
ചുറ്റുന്നതെന്തിങ്ങനെ ?